Saturday 13 November 2010

കുമ്പ വീര്‍ക്കാന്‍

ചാറേ,ചമ്മന്തി, ചക്കപ്രഥമ രസികനുപ്പേരി, പാല്പ്പായസേ, സാ-
മ്പാറേ,ചൂടുള്ള ചോറേ,കറികള്‍ പലവകേ, പപ്പടേ, നല്‍പ്പരിപ്പേ,
ചോരും നെയ്യേ, പഴേ,തേന്‍,ദധി,നിഖില പദാര്‍ത്ഥങ്ങളേ നിങ്ങളെല്ലാ-
പേരും കൂടി സഹായിക്കണമിവനു വിശക്കുമ്പൊഴിക്കുമ്പ വീര്‍ക്കാന്‍.

(കര്‍ത്താവ് ആരെന്ന് ഓര്‍മ്മയില്ല.അറിയാവുന്നവര്‍ സഹായിക്കുക)

Saturday 16 October 2010

ഒരു ഒ.എന്‍.വി.ശ്ലോകം

ഇന്നും മര്‍ത്യത കുമ്പിള്‍ കാട്ടിയിവിടെക്കഞ്ഞിക്കു കേഴുന്നു നാ-
ടിന്നും "മാറ്റുക ചട്ട" മെന്നൊരു മയക്കത്തില്‍ സ്വനഗ്രാഹി പോല്‍
മന്ത്രം ചൊല്ലിയിരിപ്പു; നീറി വിടരും സ്വന്തം മുറിപ്പാടിലൂ-
ടിന്നും പൊന്‍ മുള പാടിടുന്നു;കുയില്‍ പാടുന്നൂ തമോ ഭൂവിലും

-അക്ഷരം

Saturday 9 October 2010

* കൈയ്യില്‍ കാശുണ്ടെങ്കില്‍..

ഉണ്ടോ മിടുക്കുള്ളഭിഭാഷകന്‍മാര്‍
ഉണ്ടോ പണം പൂത്തതു കൈയ്യി;-ലെങ്കില്‍
താണ്ടേണ്ട എന്‍ട്രന്‍സുപരീക്ഷ,മാര്‍ക്കും-
വേണ്ടാ മെഡിക്കല്‍ പഠനം തുടങ്ങാന്‍.

‌‌...ദത്തന്‍

(*മിനിമം മാര്‍ക്കില്ലാത്തവരുടെ പ്രവേശനം സാധുവാണെന്നും ലക്ഷങ്ങളുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റ് നിബന്ധന ശരിയാണെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.)

Sunday 12 September 2010

പൂരണത്തിനായി ഒരു സമസ്യ


.............................................................
.............................................................
................................................................
കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?
-ദത്തന്‍

(വൃത്തം വസന്തതിലകം)
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .

Thursday 5 August 2010

തൊഴില്‍ പലവിധം

തെങ്ങേറ്റം, തേങ്ങയാട്ടം, കയര്‍പിരി, കൂടകെട്ടൂഴിയം, മീന്‍പിടുത്തം,
തുംഗശ്രീപൂണ്ട സര്‍ക്കാര്‍പണി, കഥകളിയില്‍ കൊട്ടു, കൂത്തിച്ചിയാട്ടം,
മങ്ങാതില്ലങ്ങളില്‍ ചെന്നടിതളി, വിറകുണ്ടാക്കല്‍, തീയാട്ടു, മാല്യം-
ഭംഗ്യാബന്ധിക്കല്‍, പിന്നെക്കൃഷി തൊഴില്‍ പലതുണ്ടേവമോരോന്നിവണ്ണം.

- മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍

Saturday 24 July 2010

സീതയുടെ രാമന്‍



കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി ! ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമ ബാഹുവല്ലയോ ?

-ചാത്തുക്കുട്ടി മന്നാടിയാര്‍ (ഉത്തര രാമചരിതം)

Tuesday 6 July 2010

ഭക്തി

ചെന്താർകാന്തികൾ ചിന്തുമന്തി സമയച്ചന്തം കലർന്നും ഭവാൻ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ

എ.ആർ.രാജരാജ വർമ്മ

Friday 18 June 2010

ശക്തി


ലോലക്കണ്ണാം സുമത്തിൻ ചെറുമുനയണുവോളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമര നൊടിയിൽത്തോന്നി നിന്നങ്ങു മായും
കൂലം വിട്ടോരു ശക്തിക്കുടയവളവളെൻ ചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടി തവ മനമാം ദാരുവിൽചുറ്റിടട്ടേ.

-ചട്ടമ്പി സ്വാമികൾ

Wednesday 16 June 2010

നാലാമത്തെ ഉപായം

ഗുണപ്പെടാ സാമമരക്കരില്‍ ദൃഢം,
ചിതപ്പെടാ ദാനമനല്പ വിത്തരില്‍,
ബലോദ്ധതന്മാരില്‍ വൃഥൈവ ഭേദവും,
പരാക്രമം താനിഹ സമ്മതം മമ.

-വാല്‍മീകിരാമായണം തര്‍ജ്ജമ(ഹനുമാന്റെ ഫിലോസഫിയാണിത്)

Thursday 10 June 2010

കള്ളു മാഹാത്മ്യം

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു ചില്ലിന്‍
വെള്ള ഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിരി,കളികള്‍,തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം!പോക വേദാന്തമേ നീ.

-ചങ്ങമ്പുഴ

Saturday 27 March 2010

എറണാകുളത്തെ ഭക്ഷണം

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.

- ഒറവങ്കര

Tuesday 2 March 2010

ചെമ്പക നാട്ടിലെ ഊണ്

പത്രം വിസ്തൃതമെത്ര! തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌, കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ മുട്ടാതെ കിട്ടും ശുഭം !

-കുഞ്ചന്‍ നമ്പ്യാര്‍

Monday 8 February 2010

ഒരു തമ്പ്രാന്‍ കൊതി

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

- പൂന്തോട്ടത്തു നമ്പൂതിരി

Thursday 14 January 2010

"പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കും"

ശങ്കാപേതമുദിക്കുമര്‍ത്ഥ രുചിയെങ്ങെ,ങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാല കൗതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പര ഗുണോല്‍ക്കര്‍ഷങ്ങള്‍?ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കുമേ !

-കുമാരനാശാന്‍

സക്കറിയയുടെ കഴുത്തിനു പിടിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍,ആശാന്റെ 'പ്രരോദന'ത്തിലെ ഈ ശ്ലോകത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Monday 11 January 2010

കട്ടന്‍ ചായയും പാര്‍ട്ടിയും

"കട്ടന്ചായ നിഷിദ്ധമായി;വടയും പറ്റാത്തതായ് പാര്ട്ടിയില്‍
മട്ടണ്‍,സ്ക്കോച്ചി,വയാണു പാര്ട്ടി വളരാനത്യുത്തമം ഭാവിയില്‍;"
മാര്‍ക്സിസ്സത്തിനു നവ്യ പാഠമെഴുതിച്ചേര്‍ക്കുന്നു തട്ടിപ്പെഴും
മാര്ട്ടിന്മാരുടെ കാശു വാങ്ങി വിലസും നേതൃത്വ കില്ലാടികള്‍.

-ദത്തന്‍