Wednesday 28 October 2009

ഒരു മല്ലയുദ്ധ വര്‍ണ്ണന

അദ്ധ്യാത്മ രാമായണത്തിലെ ബാലി സുഗ്രീവയുദ്ധ വിവരണം ആണ് മലയാളത്തിലെ മികച്ച യുദ്ധ വര്‍ണ്ണന.എന്നാല്‍ ദ്രാവിഡ വൃത്തത്തിന്റെ അത്ര രചനാ സ്വാതന്ത്ര്യമില്ലാത്ത ശ്ലോകത്തില്‍ അതിനെയും കവച്ചുവയ്ക്കുന്ന ഒരു യുദ്ധ വര്‍ണ്ണന ഇതാ:

അടിയ്ക്കയും,പാങ്ങിലിടിയ്ക്കയും,ബലം-
പിടിയ്ക്കയും,താങ്ങലിലെല്ലൊടിയ്ക്കയും,
ചൊടിയ്ക്കയും,പല്ലു കടിയ്ക്കയും,മദം-
നടിയ്ക്കയും തമ്മിലുരച്ചിടിയ്ക്കയും,

കടുക്കയും,കണ്ണു തുടുക്കയും കട-
ന്നടുക്കയും,കൈക്കുടനൂക്കെടുക്കയും,
കൊടുക്കയും,തല്ലു തടുക്കയും,പരം
മടുക്കയും,വാശി പിടിച്ചടുക്കയും,

പരസ്പരം തുല്യനിലയ്ക്കിതേ വിധം
പരക്കെയാള്‍ തിങ്ങിന രംഗഭൂമിയില്‍
പരസ്യമാക്കിപ്പടുമല്ലടി ക്രമം
പരം കളിച്ചാരവര്‍ നാലു പേരുമേ.

കൃതി:"കംസന്‍". കര്‍ത്താവ്:കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

Saturday 24 October 2009

ഗള്‍ഫിലെ പെണ്ണുങ്ങള്‍

കാതില്ല,മൂക്കില്ല,കരങ്ങളില്ല;
കാലില്ല,മാറില്ല,നിതംബമില്ല;
കട്ടിക്കരിം പട്ടിലടച്ചു നീങ്ങും
കണ്ണാണു പെണ്ണെന്നു ധരിക്ക ഗള്‍ഫില്‍.

വി.ദത്തന്‍

Saturday 17 October 2009

പണിക്കനും പണിക്കരും

സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ ആദ്യകാലത്ത് പത്മനാഭപ്പണിക്കന്‍ എന്നായിരുന്നു
സ്വന്തം പേര്‍ എഴുതി വന്നത്.അദ്ദേഹം 'പണിക്കന്‍' എന്നത് 'പണിക്കര്‍'എന്നു മാറ്റിയപ്പോള്‍,

"പണിക്കനേയൊന്നു പരിഷ്കരിച്ചാല്‍
പണിക്കരാമെന്നു നിനച്ചിടേണ്ടാ
നിനയ്ക്കടോ കാക്ക കുളിച്ചു നന്നായ്
മിനുക്കിയാല്‍ ഹംസമതാകുകില്ല." എന്നായി ചിലര്‍.ഉടന്‍ തന്നെ വന്നു മൂലൂരിന്റെ മറുപടി:

"പണിക്കനാക്കുന്നു പണിക്കരെത്താന്‍
പണിക്കരാക്കുന്നു പണിക്കനേയും
നിനക്കില്‍,ന്‍,ര്‍ ദ്വയ തുച്ഛ ഭേദം
ഗണിപ്പതേ ഭീമ മഠത്തരം കേള്‍." പോരാത്തതിന് ഉദാഹരണവും നല്‍കി:

"ഭീഷ്മന്‍ ഭീഷ്മരുമാം കൃപന്‍ കൃപരുമാം ദ്രോണന്‍ തഥാ ദ്രോണരാം
വൈദ്യന്‍ വൈദ്യരുമാം, വരന്‍ വരരുമാം, ഭോ! വാരിയന്‍ വാര്യരാം,
ചാന്നാര്‍, നായര്‍, പണിക്ക,രയ്യ,രതുപോലാചാര്യരെന്നൊക്കെയും
ചൊന്നീടാ,മതു ഹേ! മഹാരസിക! താനോര്‍ക്കാതിരിക്കുന്നുവോ?"

ഉത്തരം മുട്ടിയ മറുപക്ഷത്തിന് 'പത്മനാഭപ്പണിക്കരെ' അംഗീകരിക്കേണ്ടി വന്നു.

Thursday 8 October 2009

മഹാകവിത്രയം

ആശാന്‍
ഈശാവാസാദ്യുപനിഷദുപന്യസ്ത വേദാന്തമെല്ലാം
ക്ലേശാപേതം തനതു കവിതാ കമ്ര പാത്രത്തിലാക്കി
ശ്രീശാക്യാധീശനു സവിനയം കാല്ക്ക കാണിക്ക വച്ചോ-
രാശാനെക്കണ്ടിവനിത നമിക്കുന്നു സാഷ്ടാംഗ പാദം.

വള്ളത്തോള്‍
വള്ളത്തോളിന്‍ കവിത നടമാടീടവേ കാണ്മു ഞാനാ
വെള്ളിക്കീര്‍ത്തിപ്പുടവ വടിവില്‍ ചാഞ്ഞുലഞ്ഞാടി നില്ക്കേ
ഉള്ളം മര്‍ത്യര്‍ക്കമൃത ലഹരീ മഗ്നമാമ്മാറു വെല്ലും
വെല്ലല്‍ കാഞ്ചീ കളകളമെഴും കൈരളീ കേളി രംഗം.

ഉള്ളൂര്‍
ആര്‍ഷശ്രേയ:സുരഭി പദ പീയൂഷ മുള്ളൂര്‍ കവീന്ദ്രന്‍
വര്‍ഷിക്കുന്നോരളവിലളവറ്റന്തരംഗം കുളിര്‍ക്കേ
വര്‍ഷീയാനാമിവനുടെയൊരാ മുഗ്ധ ചേതോ മയൂരം
ഹര്‍ഷോദഞ്ചന്നവനടരവം പാടിയാടിക്കളിപ്പൂ.

കെ.കെ.രാജാ
----------
ഓര്‍മ്മയില്‍ നിന്നു പകര്‍ത്തിയതാണ്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.