Saturday 28 November 2009

കവിതയെ കുറിച്ച് മഹാകവികള്‍

മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്ത മുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി ഭക്തന്‍
പാനം ചെയ് വതു ഭവദീയ വാക് പ്രവാഹം.

-കുമാരനാശാന്‍

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍ കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപൂങ്കവിള്‍-
സ്ഥാനത്തും നിഴലിച്ചു കാണ്മു കവിതേ നിന്‍ മഞ്ജു രൂപത്തെ മാത്രം.

-വള്ളത്തോള്‍

Friday 20 November 2009

മാവു മുത്തച്ഛന്‍

നീലപ്പുല്‍ത്തറകള്‍ക്കു മേല്‍ പല നിഴല്‍ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ കനിയേകിയും കിളികള്‍ തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമതിന്‍ മുമ്പാകെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ!കേഴുകീ വിരഹമോര്‍ത്തെന്നും മഴക്കാറ്റില്‍ നീ.

-കുമാരനാശാന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ നിന്ന വലിയ മാവാണ്
'പ്രരോദന'ത്തില്‍ വര്‍ണ്ണിക്കപ്പെട്ട ഈ ''സ്ഥൂലാമ്രാധിപന്‍". ഏതാനും
വര്‍ഷം മുമ്പ് കടപുഴകി വീണു.

Saturday 14 November 2009

രണ്ടു സുന്ദരികള്‍

ഒന്ന്

നേരറ്റോരപ്പുരയതില്‍ വിരൂപാംഗിമാരായനേകം
പേരുണ്ടെന്നാ,ലവളവരിലൊന്നല്ല തെല്ലല്ല ഭേദം
നേരോതീടാ മവളുടെ മുഖം നിന്‍ മുഖത്തോടു നത്തേ
നേരാണെന്നാകിലുമതിനെഴും ശ്രീവിലാസം വിശേഷം.
-ദാത്യൂഹ സന്ദേശം

രണ്ട്

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ തീക്കട്ടയോ,പായലാല്‍
പൂരിച്ചുള്ള ചളിക്കുളത്തിലുളവാം ചെന്താമരപ്പുഷ്പമോ
മാരിക്കാറണി ചൂഴുമിന്ദുകലയോ പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചു പുര തന്‍ കോലായില്‍ നില്‍ക്കുന്നവള്‍?
-വള്ളത്തോള്‍

Tuesday 10 November 2009

സുകുമാര്‍ അഴീക്കോടിന്

(പ്രൊ.സുകുമാര്‍ അഴീക്കോടിനെ അനുമോദിച്ചുകൊണ്ട് 1959 ല്‍
ശ്രീമതി മുതുകുളം പാര്‍വ്വതി അമ്മ എഴുതിയത്.)

പേരേറിടും മമ സഹോദര സൂരിവര്യ!
സാരജ്ഞ,സച്ചരിത,കാവ്യകലാവിലോല,
ആരാധനീയ,സുകുമാര,വിമര്‍ശകാഗ്ര്യ,
നേരുന്നു ഞാ,നനഘ,മംഗളമാദ്യമായി.

പാരം പ്രബോധജനകം തവ വാഗ്വിലാസ-
സാരസ്യ മാധ്വി,മദിരാശിയില്‍ വച്ചു മുന്നം
നേരേ നുകര്‍ന്നു പുളകങ്ങളണിഞ്ഞൊരീ ഞാ-
നേറെക്കൊതിച്ചൊരനുമോദന ധാര ചെയ്യാന്‍.

സാഹിത്യ ചിന്തക!സഹോദര!മേല്‍ക്കുമേലീ-
സാഹിത്യ മഞ്ജുള നഭസ്സിലുയര്‍ന്നു മിന്നാന്‍
സാഹിത്യവേദി,യഖിലേശ്വരനാര്‍ദ്രശീലന്‍
സ്നേഹസ്വരൂപനരുളട്ടെ! കൃപാ കടാക്ഷം.