Saturday 28 November 2009

കവിതയെ കുറിച്ച് മഹാകവികള്‍

മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്ത മുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി ഭക്തന്‍
പാനം ചെയ് വതു ഭവദീയ വാക് പ്രവാഹം.

-കുമാരനാശാന്‍

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍ കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപൂങ്കവിള്‍-
സ്ഥാനത്തും നിഴലിച്ചു കാണ്മു കവിതേ നിന്‍ മഞ്ജു രൂപത്തെ മാത്രം.

-വള്ളത്തോള്‍

Friday 20 November 2009

മാവു മുത്തച്ഛന്‍

നീലപ്പുല്‍ത്തറകള്‍ക്കു മേല്‍ പല നിഴല്‍ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ കനിയേകിയും കിളികള്‍ തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമതിന്‍ മുമ്പാകെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ!കേഴുകീ വിരഹമോര്‍ത്തെന്നും മഴക്കാറ്റില്‍ നീ.

-കുമാരനാശാന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ നിന്ന വലിയ മാവാണ്
'പ്രരോദന'ത്തില്‍ വര്‍ണ്ണിക്കപ്പെട്ട ഈ ''സ്ഥൂലാമ്രാധിപന്‍". ഏതാനും
വര്‍ഷം മുമ്പ് കടപുഴകി വീണു.

Saturday 14 November 2009

രണ്ടു സുന്ദരികള്‍

ഒന്ന്

നേരറ്റോരപ്പുരയതില്‍ വിരൂപാംഗിമാരായനേകം
പേരുണ്ടെന്നാ,ലവളവരിലൊന്നല്ല തെല്ലല്ല ഭേദം
നേരോതീടാ മവളുടെ മുഖം നിന്‍ മുഖത്തോടു നത്തേ
നേരാണെന്നാകിലുമതിനെഴും ശ്രീവിലാസം വിശേഷം.
-ദാത്യൂഹ സന്ദേശം

രണ്ട്

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ തീക്കട്ടയോ,പായലാല്‍
പൂരിച്ചുള്ള ചളിക്കുളത്തിലുളവാം ചെന്താമരപ്പുഷ്പമോ
മാരിക്കാറണി ചൂഴുമിന്ദുകലയോ പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചു പുര തന്‍ കോലായില്‍ നില്‍ക്കുന്നവള്‍?
-വള്ളത്തോള്‍

Tuesday 10 November 2009

സുകുമാര്‍ അഴീക്കോടിന്

(പ്രൊ.സുകുമാര്‍ അഴീക്കോടിനെ അനുമോദിച്ചുകൊണ്ട് 1959 ല്‍
ശ്രീമതി മുതുകുളം പാര്‍വ്വതി അമ്മ എഴുതിയത്.)

പേരേറിടും മമ സഹോദര സൂരിവര്യ!
സാരജ്ഞ,സച്ചരിത,കാവ്യകലാവിലോല,
ആരാധനീയ,സുകുമാര,വിമര്‍ശകാഗ്ര്യ,
നേരുന്നു ഞാ,നനഘ,മംഗളമാദ്യമായി.

പാരം പ്രബോധജനകം തവ വാഗ്വിലാസ-
സാരസ്യ മാധ്വി,മദിരാശിയില്‍ വച്ചു മുന്നം
നേരേ നുകര്‍ന്നു പുളകങ്ങളണിഞ്ഞൊരീ ഞാ-
നേറെക്കൊതിച്ചൊരനുമോദന ധാര ചെയ്യാന്‍.

സാഹിത്യ ചിന്തക!സഹോദര!മേല്‍ക്കുമേലീ-
സാഹിത്യ മഞ്ജുള നഭസ്സിലുയര്‍ന്നു മിന്നാന്‍
സാഹിത്യവേദി,യഖിലേശ്വരനാര്‍ദ്രശീലന്‍
സ്നേഹസ്വരൂപനരുളട്ടെ! കൃപാ കടാക്ഷം.

Wednesday 28 October 2009

ഒരു മല്ലയുദ്ധ വര്‍ണ്ണന

അദ്ധ്യാത്മ രാമായണത്തിലെ ബാലി സുഗ്രീവയുദ്ധ വിവരണം ആണ് മലയാളത്തിലെ മികച്ച യുദ്ധ വര്‍ണ്ണന.എന്നാല്‍ ദ്രാവിഡ വൃത്തത്തിന്റെ അത്ര രചനാ സ്വാതന്ത്ര്യമില്ലാത്ത ശ്ലോകത്തില്‍ അതിനെയും കവച്ചുവയ്ക്കുന്ന ഒരു യുദ്ധ വര്‍ണ്ണന ഇതാ:

അടിയ്ക്കയും,പാങ്ങിലിടിയ്ക്കയും,ബലം-
പിടിയ്ക്കയും,താങ്ങലിലെല്ലൊടിയ്ക്കയും,
ചൊടിയ്ക്കയും,പല്ലു കടിയ്ക്കയും,മദം-
നടിയ്ക്കയും തമ്മിലുരച്ചിടിയ്ക്കയും,

കടുക്കയും,കണ്ണു തുടുക്കയും കട-
ന്നടുക്കയും,കൈക്കുടനൂക്കെടുക്കയും,
കൊടുക്കയും,തല്ലു തടുക്കയും,പരം
മടുക്കയും,വാശി പിടിച്ചടുക്കയും,

പരസ്പരം തുല്യനിലയ്ക്കിതേ വിധം
പരക്കെയാള്‍ തിങ്ങിന രംഗഭൂമിയില്‍
പരസ്യമാക്കിപ്പടുമല്ലടി ക്രമം
പരം കളിച്ചാരവര്‍ നാലു പേരുമേ.

കൃതി:"കംസന്‍". കര്‍ത്താവ്:കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

Saturday 24 October 2009

ഗള്‍ഫിലെ പെണ്ണുങ്ങള്‍

കാതില്ല,മൂക്കില്ല,കരങ്ങളില്ല;
കാലില്ല,മാറില്ല,നിതംബമില്ല;
കട്ടിക്കരിം പട്ടിലടച്ചു നീങ്ങും
കണ്ണാണു പെണ്ണെന്നു ധരിക്ക ഗള്‍ഫില്‍.

വി.ദത്തന്‍

Saturday 17 October 2009

പണിക്കനും പണിക്കരും

സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ ആദ്യകാലത്ത് പത്മനാഭപ്പണിക്കന്‍ എന്നായിരുന്നു
സ്വന്തം പേര്‍ എഴുതി വന്നത്.അദ്ദേഹം 'പണിക്കന്‍' എന്നത് 'പണിക്കര്‍'എന്നു മാറ്റിയപ്പോള്‍,

"പണിക്കനേയൊന്നു പരിഷ്കരിച്ചാല്‍
പണിക്കരാമെന്നു നിനച്ചിടേണ്ടാ
നിനയ്ക്കടോ കാക്ക കുളിച്ചു നന്നായ്
മിനുക്കിയാല്‍ ഹംസമതാകുകില്ല." എന്നായി ചിലര്‍.ഉടന്‍ തന്നെ വന്നു മൂലൂരിന്റെ മറുപടി:

"പണിക്കനാക്കുന്നു പണിക്കരെത്താന്‍
പണിക്കരാക്കുന്നു പണിക്കനേയും
നിനക്കില്‍,ന്‍,ര്‍ ദ്വയ തുച്ഛ ഭേദം
ഗണിപ്പതേ ഭീമ മഠത്തരം കേള്‍." പോരാത്തതിന് ഉദാഹരണവും നല്‍കി:

"ഭീഷ്മന്‍ ഭീഷ്മരുമാം കൃപന്‍ കൃപരുമാം ദ്രോണന്‍ തഥാ ദ്രോണരാം
വൈദ്യന്‍ വൈദ്യരുമാം, വരന്‍ വരരുമാം, ഭോ! വാരിയന്‍ വാര്യരാം,
ചാന്നാര്‍, നായര്‍, പണിക്ക,രയ്യ,രതുപോലാചാര്യരെന്നൊക്കെയും
ചൊന്നീടാ,മതു ഹേ! മഹാരസിക! താനോര്‍ക്കാതിരിക്കുന്നുവോ?"

ഉത്തരം മുട്ടിയ മറുപക്ഷത്തിന് 'പത്മനാഭപ്പണിക്കരെ' അംഗീകരിക്കേണ്ടി വന്നു.

Thursday 8 October 2009

മഹാകവിത്രയം

ആശാന്‍
ഈശാവാസാദ്യുപനിഷദുപന്യസ്ത വേദാന്തമെല്ലാം
ക്ലേശാപേതം തനതു കവിതാ കമ്ര പാത്രത്തിലാക്കി
ശ്രീശാക്യാധീശനു സവിനയം കാല്ക്ക കാണിക്ക വച്ചോ-
രാശാനെക്കണ്ടിവനിത നമിക്കുന്നു സാഷ്ടാംഗ പാദം.

വള്ളത്തോള്‍
വള്ളത്തോളിന്‍ കവിത നടമാടീടവേ കാണ്മു ഞാനാ
വെള്ളിക്കീര്‍ത്തിപ്പുടവ വടിവില്‍ ചാഞ്ഞുലഞ്ഞാടി നില്ക്കേ
ഉള്ളം മര്‍ത്യര്‍ക്കമൃത ലഹരീ മഗ്നമാമ്മാറു വെല്ലും
വെല്ലല്‍ കാഞ്ചീ കളകളമെഴും കൈരളീ കേളി രംഗം.

ഉള്ളൂര്‍
ആര്‍ഷശ്രേയ:സുരഭി പദ പീയൂഷ മുള്ളൂര്‍ കവീന്ദ്രന്‍
വര്‍ഷിക്കുന്നോരളവിലളവറ്റന്തരംഗം കുളിര്‍ക്കേ
വര്‍ഷീയാനാമിവനുടെയൊരാ മുഗ്ധ ചേതോ മയൂരം
ഹര്‍ഷോദഞ്ചന്നവനടരവം പാടിയാടിക്കളിപ്പൂ.

കെ.കെ.രാജാ
----------
ഓര്‍മ്മയില്‍ നിന്നു പകര്‍ത്തിയതാണ്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.

Sunday 27 September 2009

രണ്ടു ശ്ലോകങ്ങള്‍

എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ നിരവധി ശ്ലോകങ്ങള്‍ മലയാളത്തിലുണ്ട്.കാവ്യ ഭാഗങ്ങളായുള്ള ശ്ലോകങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ലഭിക്കും.എന്നാല്‍ ഒറ്റ ശ്ലോകങ്ങളുടെ സ്ഥിതി അതല്ല.അക്ഷരശ്ലോക സദസ്സുകളിലും ചില പഴമക്കാരുടെ നാവിലും മാത്രമേ അവ അവശേഷിക്കുന്നുള്ളൂ.അങ്ങനെയുള്ളവ ഓര്‍ക്കുമ്പോഴോ കണ്ടുകിട്ടുമ്പോഴോ രേഖപ്പെടുത്താന്‍ വേണ്ടിയാണ് "ശ്ലോകബാങ്ക്" എന്ന പുതിയ ബ്ലോഗ് തുടങ്ങുന്നത്.ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കും അത്തരം ശ്ലോകങ്ങള്‍ സംഭാവന ചെയ്യാവുന്നതാണ്.കൊടുക്കുകയും കൊള്ളുകയും ചെയ്യുക എന്നതാണ് ഈ ശ്ലോക ബാങ്കിന്റെ നയം എന്നു സാരം.

കുമാരനാശാന്റെയും മഴമംഗലത്തിന്റെയും ഓരോ ശ്ലോകത്തോടെ നിക്ഷേപം ആരംഭിക്കുന്നു.
'പ്രരോദന'ത്തില്‍ നിന്നുള്ളതാണ് ആശാന്റെ ശ്ലോകം.മഴമംഗലത്തിന്റേത് ഒറ്റ ശ്ലോകമാണെന്നാണ്
ഓര്‍മ്മ.

തേനഞ്ചീടിന ഗാഥയാലരു മഹാന്‍ താരാട്ടി മുമ്പ,മ്പിയ-
ന്നാനന്ദാശ്രുവില്‍ മുക്കി മറ്റൊരു മഹാധന്യന്‍ കിളിക്കൊഞ്ചലാല്‍
ദീനത്വം കലരാതെ,യന്യ സരസന്‍ തുള്ളിച്ചു തന്‍ പാട്ടിനാല്‍
നൂനം കൈരളി,യമ്മയും ശിശുവുമായ് തീര്‍ന്നാളവര്‍‍ക്കന്നഹോ.
-കുമാരനാശാന്‍

അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍ കുഴമ്പേ
ചെമ്പൊല്‍ത്താര്‍ ബാണ ഡംഭപ്രശമന സുകൃതോപാത്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ.
-മഴമംഗലം