Saturday 17 October 2009

പണിക്കനും പണിക്കരും

സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ ആദ്യകാലത്ത് പത്മനാഭപ്പണിക്കന്‍ എന്നായിരുന്നു
സ്വന്തം പേര്‍ എഴുതി വന്നത്.അദ്ദേഹം 'പണിക്കന്‍' എന്നത് 'പണിക്കര്‍'എന്നു മാറ്റിയപ്പോള്‍,

"പണിക്കനേയൊന്നു പരിഷ്കരിച്ചാല്‍
പണിക്കരാമെന്നു നിനച്ചിടേണ്ടാ
നിനയ്ക്കടോ കാക്ക കുളിച്ചു നന്നായ്
മിനുക്കിയാല്‍ ഹംസമതാകുകില്ല." എന്നായി ചിലര്‍.ഉടന്‍ തന്നെ വന്നു മൂലൂരിന്റെ മറുപടി:

"പണിക്കനാക്കുന്നു പണിക്കരെത്താന്‍
പണിക്കരാക്കുന്നു പണിക്കനേയും
നിനക്കില്‍,ന്‍,ര്‍ ദ്വയ തുച്ഛ ഭേദം
ഗണിപ്പതേ ഭീമ മഠത്തരം കേള്‍." പോരാത്തതിന് ഉദാഹരണവും നല്‍കി:

"ഭീഷ്മന്‍ ഭീഷ്മരുമാം കൃപന്‍ കൃപരുമാം ദ്രോണന്‍ തഥാ ദ്രോണരാം
വൈദ്യന്‍ വൈദ്യരുമാം, വരന്‍ വരരുമാം, ഭോ! വാരിയന്‍ വാര്യരാം,
ചാന്നാര്‍, നായര്‍, പണിക്ക,രയ്യ,രതുപോലാചാര്യരെന്നൊക്കെയും
ചൊന്നീടാ,മതു ഹേ! മഹാരസിക! താനോര്‍ക്കാതിരിക്കുന്നുവോ?"

ഉത്തരം മുട്ടിയ മറുപക്ഷത്തിന് 'പത്മനാഭപ്പണിക്കരെ' അംഗീകരിക്കേണ്ടി വന്നു.

No comments:

Post a Comment