Saturday, 11 August 2012

ദൈവം വന്ന വഴി


ദൈവം വന്നതു തത്ത്വചിന്തകൾ തെളിച്ചെത്തിച്ച തേർത്തട്ടിലോ
ഭാവങ്ങൾക്കഭിരാമ രൂപമരുളും ശില്പീന്ദ്ര ശില്പത്തിലോ
പൂവർച്ചിച്ച പുരോഹിതന്റെ ഭജനപ്പാട്ടിൻ കളിത്തട്ടിലോ
പാവം,മിഥ്യ പണിഞ്ഞുയർത്തിയ തമോരൂപപ്രപഞ്ചത്തിലോ?

-വയലാർ

Sunday, 25 March 2012

ചെമ്മനത്തിന്റെ "അഭിനവ നളിനി "

(സുകുമാര്‍ അഴീക്കോടിനെ നാണം കെടുത്തുവാന്‍ നടക്കുന്ന ഒരു ക്വട്ടേഷന്‍ നായികയുടെ തനിനിറം വെളിവാക്കുന്ന കവിതയുടെ ഒരംശം )

ശത്രുപക്ഷമൊരുമിച്ചു തീര്‍ത്തതാം
വക്രബുദ്ധി ഫലമാര്‍ന്നു ;തുക്കടാ
പത്രമച്ചുകളില്‍ വച്ചു കാമുകന്‍
പണ്ടയച്ച പല പ്രേമലേഖനം.

അമ്പതാണ്ടിലധികം തുലയ്ക്കുവാന്‍
വമ്പൊടീ നളിനി നോക്കിയെങ്കിലും
കേരളോര്‍വ്വിയിലുയര്‍ന്നു നാള്‍ക്കുനാള്‍
സുര്യനായ്‌ വിലസിയാ ദിവാകരന്‍

ചെമ്മനം ചാക്കോ

Monday, 31 October 2011

ശ്രീനാരായണഗുരു



പാരിൽദ്ധർമ്മമുയർത്തുവാൻ യദുകുലേ പണ്ടെന്നപോലീഴവ-
ന്മാരിൽ സ്വാമി പിറന്ന മാസമതിലാണേവർക്കുമോണോത്സവം;
ആരിവ്വണ്ണമഖണ്ഡമംഗളനഹോ?സദ്യോഗവിദ്യാമൃതം
പൂരിക്കും പുതുചന്ദ്രനേ,ജയ ചിരം നാരായണശ്രീഗുരോ!

വള്ളത്തോൾ

Monday, 24 October 2011

ഒരു സുന്ദരി


ലാവണ്യക്കടലില്ക്കളങ്കമിയലാതുണ്ടായ വാർതിങ്കളോ,
പൂവമ്പന്റെ പുകഴ്ച കാട്ടി വിലസും പുത്തൻ കൊടിക്കൂറയോ,
ദൈവത്തിന്റെ വിചിത്രസൃഷ്ടിവിരുതോ,ശൃംഗാരസൂക്തോന്മിഷൽ-
ക്കൈവല്യപ്പൊരുളോ,നമുക്കെതിരിലിക്കാണാകുമേണാക്ഷിയാൾ?

-വള്ളത്തോൾ (വിലാസലതിക)

Saturday, 15 October 2011

ആശാന്റെ ശവകുടീരം


കണ്ണെത്താത്ത കയങ്ങളും കരകളെപ്പുല്കിക്കുളിർപ്പിച്ചിടും
കല്ലോലങ്ങളുമാർന്നിടുന്ന പുഴ തന്നേകാന്ത തീരത്തതാ
കണ്ടാലും ഗഗനം കുനിഞ്ഞു മുകരാൻ വെമ്പും കുടീരം,വെറും
കല്ലിൽ ഗ്രാമകരങ്ങൾ വേദനകളാൽ തീർത്തുള്ളൊരാ സ്മാരകം.

-തിരുനല്ലൂർ കരുണാകരൻ

Friday, 16 September 2011

കൈരളിക്കു വേണ്ടി


തുഞ്ചത്തച്ഛന്റെ വർണ്ണദ്യുതി ചിതറുമൊരാ ഹൈമനാരാചവും ശ്രീ
കുഞ്ചൻ വൻ കാവ്യകൃത്തേന്തിയൊരിരുമുന നാരാചവും പോര പിന്നെ
വഞ്ചിക്ഷ്മാചക്രഭർത്രീ പതിയുടെ വിലയേറുന്ന പൊല്പ്പേനയും തേ
സഞ്ചിന്തിക്കുന്നതെല്ലാം സപദി വരുവതിന്നേകണം ഭാഗധേയം

-മൂലൂർ എസ്.പദ്മനാഭ പണിക്കർ

Sunday, 28 August 2011

നാടൻ കൃഷിക്കാർ



പുറം കഠോരം പരിശുഷ്കമൊട്ടു-
ക്കുള്ളോ മൃദു സ്വാദു രസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പ്പാകത്തിലാണിങ്ങനെ മിക്ക പേരും

-കുറ്റിപ്പുറത്തു കേശവൻ നായർ