Saturday, 27 March 2010

എറണാകുളത്തെ ഭക്ഷണം

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.

- ഒറവങ്കര

Tuesday, 2 March 2010

ചെമ്പക നാട്ടിലെ ഊണ്

പത്രം വിസ്തൃതമെത്ര! തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌, കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ മുട്ടാതെ കിട്ടും ശുഭം !

-കുഞ്ചന്‍ നമ്പ്യാര്‍

Monday, 8 February 2010

ഒരു തമ്പ്രാന്‍ കൊതി

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

- പൂന്തോട്ടത്തു നമ്പൂതിരി

Thursday, 14 January 2010

"പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കും"

ശങ്കാപേതമുദിക്കുമര്‍ത്ഥ രുചിയെങ്ങെ,ങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാല കൗതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പര ഗുണോല്‍ക്കര്‍ഷങ്ങള്‍?ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കുമേ !

-കുമാരനാശാന്‍

സക്കറിയയുടെ കഴുത്തിനു പിടിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍,ആശാന്റെ 'പ്രരോദന'ത്തിലെ ഈ ശ്ലോകത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Monday, 11 January 2010

കട്ടന്‍ ചായയും പാര്‍ട്ടിയും

"കട്ടന്ചായ നിഷിദ്ധമായി;വടയും പറ്റാത്തതായ് പാര്ട്ടിയില്‍
മട്ടണ്‍,സ്ക്കോച്ചി,വയാണു പാര്ട്ടി വളരാനത്യുത്തമം ഭാവിയില്‍;"
മാര്‍ക്സിസ്സത്തിനു നവ്യ പാഠമെഴുതിച്ചേര്‍ക്കുന്നു തട്ടിപ്പെഴും
മാര്ട്ടിന്മാരുടെ കാശു വാങ്ങി വിലസും നേതൃത്വ കില്ലാടികള്‍.

-ദത്തന്‍

Saturday, 28 November 2009

കവിതയെ കുറിച്ച് മഹാകവികള്‍

മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്ത മുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി ഭക്തന്‍
പാനം ചെയ് വതു ഭവദീയ വാക് പ്രവാഹം.

-കുമാരനാശാന്‍

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍ കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപൂങ്കവിള്‍-
സ്ഥാനത്തും നിഴലിച്ചു കാണ്മു കവിതേ നിന്‍ മഞ്ജു രൂപത്തെ മാത്രം.

-വള്ളത്തോള്‍

Friday, 20 November 2009

മാവു മുത്തച്ഛന്‍

നീലപ്പുല്‍ത്തറകള്‍ക്കു മേല്‍ പല നിഴല്‍ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ കനിയേകിയും കിളികള്‍ തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമതിന്‍ മുമ്പാകെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ!കേഴുകീ വിരഹമോര്‍ത്തെന്നും മഴക്കാറ്റില്‍ നീ.

-കുമാരനാശാന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ നിന്ന വലിയ മാവാണ്
'പ്രരോദന'ത്തില്‍ വര്‍ണ്ണിക്കപ്പെട്ട ഈ ''സ്ഥൂലാമ്രാധിപന്‍". ഏതാനും
വര്‍ഷം മുമ്പ് കടപുഴകി വീണു.