Sunday, 28 August 2011

നാടൻ കൃഷിക്കാർ



പുറം കഠോരം പരിശുഷ്കമൊട്ടു-
ക്കുള്ളോ മൃദു സ്വാദു രസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പ്പാകത്തിലാണിങ്ങനെ മിക്ക പേരും

-കുറ്റിപ്പുറത്തു കേശവൻ നായർ

Thursday, 11 August 2011

ജന്മഭൂമി സ്നേഹം


അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടി മുതൽ മുടിയോളം നിന്നിലാകട്ടെ തായേ!
അടിമലരിണ വേണം താങ്ങുവാൻ മറ്റൊരേട-
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം

ഉള്ളൂർ
ഉമാകേരളം

Saturday, 13 November 2010

കുമ്പ വീര്‍ക്കാന്‍

ചാറേ,ചമ്മന്തി, ചക്കപ്രഥമ രസികനുപ്പേരി, പാല്പ്പായസേ, സാ-
മ്പാറേ,ചൂടുള്ള ചോറേ,കറികള്‍ പലവകേ, പപ്പടേ, നല്‍പ്പരിപ്പേ,
ചോരും നെയ്യേ, പഴേ,തേന്‍,ദധി,നിഖില പദാര്‍ത്ഥങ്ങളേ നിങ്ങളെല്ലാ-
പേരും കൂടി സഹായിക്കണമിവനു വിശക്കുമ്പൊഴിക്കുമ്പ വീര്‍ക്കാന്‍.

(കര്‍ത്താവ് ആരെന്ന് ഓര്‍മ്മയില്ല.അറിയാവുന്നവര്‍ സഹായിക്കുക)

Saturday, 16 October 2010

ഒരു ഒ.എന്‍.വി.ശ്ലോകം

ഇന്നും മര്‍ത്യത കുമ്പിള്‍ കാട്ടിയിവിടെക്കഞ്ഞിക്കു കേഴുന്നു നാ-
ടിന്നും "മാറ്റുക ചട്ട" മെന്നൊരു മയക്കത്തില്‍ സ്വനഗ്രാഹി പോല്‍
മന്ത്രം ചൊല്ലിയിരിപ്പു; നീറി വിടരും സ്വന്തം മുറിപ്പാടിലൂ-
ടിന്നും പൊന്‍ മുള പാടിടുന്നു;കുയില്‍ പാടുന്നൂ തമോ ഭൂവിലും

-അക്ഷരം

Saturday, 9 October 2010

* കൈയ്യില്‍ കാശുണ്ടെങ്കില്‍..

ഉണ്ടോ മിടുക്കുള്ളഭിഭാഷകന്‍മാര്‍
ഉണ്ടോ പണം പൂത്തതു കൈയ്യി;-ലെങ്കില്‍
താണ്ടേണ്ട എന്‍ട്രന്‍സുപരീക്ഷ,മാര്‍ക്കും-
വേണ്ടാ മെഡിക്കല്‍ പഠനം തുടങ്ങാന്‍.

‌‌...ദത്തന്‍

(*മിനിമം മാര്‍ക്കില്ലാത്തവരുടെ പ്രവേശനം സാധുവാണെന്നും ലക്ഷങ്ങളുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റ് നിബന്ധന ശരിയാണെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.)

Sunday, 12 September 2010

പൂരണത്തിനായി ഒരു സമസ്യ


.............................................................
.............................................................
................................................................
കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?
-ദത്തന്‍

(വൃത്തം വസന്തതിലകം)
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .

Thursday, 5 August 2010

തൊഴില്‍ പലവിധം

തെങ്ങേറ്റം, തേങ്ങയാട്ടം, കയര്‍പിരി, കൂടകെട്ടൂഴിയം, മീന്‍പിടുത്തം,
തുംഗശ്രീപൂണ്ട സര്‍ക്കാര്‍പണി, കഥകളിയില്‍ കൊട്ടു, കൂത്തിച്ചിയാട്ടം,
മങ്ങാതില്ലങ്ങളില്‍ ചെന്നടിതളി, വിറകുണ്ടാക്കല്‍, തീയാട്ടു, മാല്യം-
ഭംഗ്യാബന്ധിക്കല്‍, പിന്നെക്കൃഷി തൊഴില്‍ പലതുണ്ടേവമോരോന്നിവണ്ണം.

- മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍