Thursday, 31 January 2013

ഉള്ളൂർ


സുസ്പഷ്ടോച്ചാരണം,ധീനിശിതഗതി വിശേഷിച്ചു കാട്ടുന്ന നേത്രം
സ്വല്പസ്ഥൗല്യം കലർന്നീടുമൊരുട,ലൊരുപാദത്തിനേതാണ്ടു ദൈർഘ്യം
കെല്പേറും വാക്പടുത്വം സ്മൃതിബല,മതിമാത്രോജ്വല ശ്രീകവിത്വം
കല്പിക്കാമേവമുള്ളൂരെഴുമരിയ മഹാ കാവ്യകൃത്തിന്റെ ചിഹ്നം.

മൂലൂർ

വള്ളത്തോൾ


നിഷ്കാപട്യം സ്ഫുരിക്കും വദനമഥ വിശാലാളിക ശ്രീവിലാസം
ദൈർഘ്യം ചേരും ശരീരം സുലഭ പദമിഴച്ചുച്ചരിക്കും സുവാക്യം
അക്കർണ്ണങ്ങൾക്കു കേഴ്വിക്കതിവികലത നൽ സാഹിതീസാർ വ്വഭൗമ-
പ്രഖ്യാതൻ മേനവന്നുള്ളൊരു വടിവിവയെന്നോർക്കണം തർക്കഹീനം.

മൂലൂർ

കുമാരനാശാൻ


ചിന്താശീലം സ്ഫുരിക്കും വലിയ നയനമാ സ്ഥൂലമാം ഹ്രസ്വഗാത്രം
സന്തോഷം പൂണ്ട പൊട്ടിച്ചിരിയെവിടെയുമുൾക്കൊള്ളുമുദ്ദാമഭാവം
ദന്തം തെല്ലൊന്നുയർന്നിട്ടമരുവതഥ നല്കാകളീ രമ്യകണ്ഠം
ചിന്തിച്ചാലെൻ.കുമാരാഹ്വയ സുകവിയിതേമട്ടു കാണുന്നു മുമ്പിൽ

മൂലൂർ എസ്.പദ്മനാഭപ്പണിക്കർ